ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കൻഹയ്യ നഗറിലുള്ള മദ്യഷോപ്പിന് സമീപമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.
ഉത്തർപ്രദേശ് സ്വദേശിയായ ഭവാനി പ്രസാദ് ആണ് മരിച്ചത്. പരിക്കേറ്റ ആശാറാം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലിസ് സ്ഥലത്തെത്തുകയും റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്നവരാരും സഹായിക്കാൻ മുന്നോട്ട് വരാത്തതിനെ തുടർന്ന് ഒരു ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചതെന്ന് പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭവാനി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആശാറാം ചികിത്സയിലാണ്.
നടന്നുപോകുന്നതിനിടെ ചിലരുമായി ഇവർക്ക് വാക്കുതർക്കമുണ്ടായതായും തുടർന്ന് അക്രമികൾ ഇവരെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലിസ് പറഞ്ഞു.
തർക്കത്തിന്റെ യഥാർഥ കാരണവും ആക്രമണത്തിൽ പങ്കെടുത്തവരുടെ എണ്ണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.